ന്യൂഡൽഹി: കേരളത്തിന്റെ ദൃശ്യഭംഗി വിളിച്ചോതുന്ന ‘ലാൻഡ്സ്കേപ്പ് കേരള’ ഫോട്ടോ പ്രദർശനം ഡൽഹി ട്രാവൻകൂർ പാലസിൽ ഈ മാസം 21 മുതൽ 23 വരെ നടക്കും. രാവിലെ 11മുതൽ വൈകുന്നേരം ഏഴുവരെയാണു പ്രദർശനം.
പത്തു ഫോട്ടോഗ്രാഫർമാരുടെ കാമറയിൽ പതിഞ്ഞ കേരളത്തിന്റെ ദൃശ്യഭംഗി നിറഞ്ഞ 100 ഫോട്ടോകളാണു പ്രദർശനത്തിനുള്ളത്.
കേരളത്തിന്റെ സംസ്കാരം, പ്രകൃതിസൗന്ദര്യം, വന്യജീവികൾ, ദൈനംദിന നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് ചിത്രങ്ങളിലൂടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കേരള ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫർമാരായ എച്ച്. സതീഷ്, ശിവാംഗ് മേത്ത, അമിത് പശ്രിച്ച, സൗരഭ് ആനന്ദ് ചാറ്റർജി, സൈബാൽ ദാസ്, ഉമേഷ് ഗോഗ്ന, മനോജ് അറോറ, ഐശ്വര്യ ശ്രീധർ, നടാഷ കർതാർ ഹേമരാജനി, കൗന്തേയ സിൻഹ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക.